കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയിൽ. ഫറോക്ക് സബ് ആർ.ടി ഓഫിസിലെ എം.വി.ഐ അബ്ദുൽ ജലീൽ വി.എയാണ് വിജിലൻസിന്‍റെ പിടിയിലായത്.
എം.വി.ഐയുടെ വീട്ടിൽ ഡിവൈ.എസ്.പി സുനിലിന്‍റെ നേതൃത്വത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തുകയാണ്.
ഫറോക്കിൽ പുക പരിശോധന കേന്ദ്രം നടത്തിപ്പുകാരന്‍റെ പരാതിയിലാണ് വിജിലൻസിന്‍റെ നടപടി. നടത്തിപ്പുകാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന് ലഭിച്ച പരാതി.
വിജിലൻസിന്‍റെ നിർദേശ പ്രകാരം എം.വി.ഐയുടെ അടുത്തെത്തിയ പരാതിക്കാരൻ പണം കൈമാറുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ജലീലിനെ കസ്റ്റഡിയിലെടുത്തു.
ഇതിനിടെ നടത്തിപ്പുകാരനിൽ നിന്ന് വാങ്ങിയ കൈക്കൂലിപ്പണം ജലീൽ വീട്ടിലുള്ള ഒരു ചാക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്തുകയായിരുന്നു.
അബ്ദുൽ ജലീൽ ഉൾപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ കാര്യങ്ങളിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. ഏജന്‍റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നത് അടക്കം മുമ്പ് ജോലി ചെയ്ത സ്ഥലത്ത് ജലീലിനെതിരെ നിലവിൽ പരാതിയുണ്ട്.
There is no ads to display, Please add some