വാഹന നികുതി കുടിശ്ശികയുള്ളവര്‍ക്കുള്ള സുവര്‍ണാവസരമാണിത്. കുടിശ്ശികയായ നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാര്‍ച്ച് 31ന് അവസാനിക്കും. ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓര്‍മപ്പെടുത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം മാത്രം നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം. 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കി.

വാഹനത്തിന്റെ രജിസ്‌ട്രേഷൻ നിലനിൽക്കുന്ന ആർ.ടി.ഒ/സബ് ആർ ടി ഓഫീസുകളിൽ കുടിശ്ശിക തീർപ്പാക്കാൻ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ ആവശ്യമില്ല. വാഹനത്തെ സംബന്ധിച്ച് രജിസ്‌ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പൊയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാർച്ച് 31 വരെയുള്ള നികുതി ബാദ്ധ്യത തീർക്കാം.

എന്തെങ്കിലും കാരണവശാലും വാഹനം നിരത്തിൽ സർവ്വീസ് നടത്തുന്നതായി കണ്ടെത്തിയാൽ 2024 ഏപ്രിൽ 1 മുതലുള്ള നികുതി ഒടുക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടർന്നുള്ള നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കും. വിശദവിവരങ്ങൾ https://mvd.kerala.gov.in/sites/default/files/Downloads/Tax%20arrear%20direction%20c വെബ് ലിങ്കിലും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed