റോഡപകടങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമലംഘനം തടയാൻ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു.
വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്‌ഥാപിച്ച കളർ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മിഷണറുടെ നിർദേശപ്രകാരം ജനുവരി 15 വരെ പരിശോധന തുടരും.
നിയമവിരുദ്ധമായി ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അനധികൃത ഫിറ്റിങ് ആയി എയർഹോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ വരെയാണ് പിഴ. വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും.
സ്പീഡ് ഗവർണർ അഴിച്ചുവച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. ട്രിപ്പിള്‍ റൈഡിങ്, സ്‌റ്റണ്ടിങ് എന്നിവ കാണുകയാണെങ്കില്‍ ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കളർ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സർവീസ് നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് എറണാകുളം ആർടിഒ ടി.എം. ജേഴ്‌സണ്‍ അറിയിച്ചു.

There is no ads to display, Please add some