ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ദില്ലിയിലെ ദില്ലി വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയിൽ ഉണ്ടായിരുന്നു.

2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ‘ലാലേട്ടൻ’ എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ്‌ ജാജു സ്വാ​ഗതം ചെയ്തത്. മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കൾ ഒരു ഉ​ഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതം സദസില്‍ സ്ക്രീന്‍ ചെയ്യുകയും ചെയ്തു. ‘എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, എന്നായിരുന്നു അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.

സെപ്റ്റംബര്‍ 20ന് ആയിരുന്നു മോഹന്‍ലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുന്നുവെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നായിരുന്നു ഇവര്‍ വിശേഷിപ്പിച്ചതും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *