ന്യൂഡൽഹി: ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോർട്ട്. പഴയ വാഹനങ്ങൾ, ഫയലുകൾ, കേടായ ഓഫീസ് ഉപകരണങ്ങൾ എന്നിവയൊക്കെ വിറ്റഴിച്ചതിൽ പെടും.
ഒക്ടോബര്‍ 2021 മുതലുള്ള കണക്കാണിത്. ഇതില്‍ തന്നെ ഈ വര്‍ഷം മാത്രം 557 കോടി രൂപ ലഭിച്ചു. അതായത് രണ്ട് ചാന്ദ്രയാന്‍ ദൗത്യങ്ങള്‍ക്ക് വേണ്ടിവരുന്ന അത്രയും പണമാണ് കേന്ദ്രം സമാഹരിച്ചത്. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിനായി 600 കോടി രൂപയായരുന്നു ചെലവഴിച്ചത്.
ഈ വർഷത്തെ വിറ്റുവരവിലൂടെ ലഭിച്ച 557 കോടിയിൽ 225 കോടി റെയിൽവെ മന്ത്രാലയത്തിന്റെ മാത്രം സംഭാവനയാണ്. പ്രതിരോധ മന്ത്രാലയത്തിന് 168 കോടി രൂപ നേടാനായി. പെട്രോളിയം മന്ത്രാലയത്തിന് 56 കോടി ലഭിച്ചപ്പോൾ കൽക്കരി മന്ത്രാലയം ആക്രി വിറ്റ് കണ്ടെത്തിയത് 34 കോടിയാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകൾ വൃത്തിയാക്കിയത്.
