ആലപ്പുഴ ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പിലാക്കിയോ എന്ന സംശയത്തിൽ പൊലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭർത്താവ് അനിൽ, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നൽകിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനിൽകുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.

എന്നാൽ, ഈ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഇതോടെയാണ് ഒന്നാംപ്രതി അനിൽകുമാർ മൃതദേഹം മാറ്റിയോ എന്ന സംശയമുയരുന്നത്. സംഭവസമയത്ത് അനിൽകുമാർ നാട്ടിലെ കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. അതിനാൽ തന്നെ മറ്റുസഹായമില്ലാതെ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം മാറ്റാൻ ഇയാൾക്ക് കഴിഞ്ഞേക്കുമെന്നാണ് നിഗമനം.

2009 ഡിസംബറിലെ ആദ്യ ആഴ്ച പെരുമ്പുഴ പാലത്തിന് മുകളിൽ കാറിൽവെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊലപാതകം നടത്താനായി പെരുമ്പുഴ പാലം തിരഞ്ഞെടുത്തത് മൃതദേഹം ആറ്റിൽ തള്ളുകയെന്ന പദ്ധതിയനുസരിച്ചാണെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ, സാഹചര്യം അനുകൂലമല്ലാത്തതിനാൽ പ്രതികൾ പദ്ധതി മാറ്റുകയായിരുന്നു.

കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലും റിമാൻഡ് റിപ്പോർട്ടിലും പറഞ്ഞിരുന്നത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ മാത്രമാണ് മൃതദേഹം സെപ്റ്റിക് ടാങ്കിലാണ് ഉപേക്ഷിച്ചതെന്ന മൊഴി നൽകിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയത്.

എന്നാൽ, അസ്ഥികളോ തലയോട്ടിയോ ഇവിടെനിന്ന് കണ്ടെടുക്കാനായില്ലെന്നാണ് സൂചന. ഏറെ സങ്കീർണതകൾ നിറഞ്ഞ കേസായതിനാൽ മൃതദേഹം കണ്ടെത്താൻ പലയിടങ്ങളിലും പരിശോധന നടത്തേണ്ടിവരുമെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിലും പറഞ്ഞിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed