സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷമുണ്ടായ സംഭവത്തിൽ മാനേജറെ പുറത്താക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു.

സംഭവത്തിന് പിന്നാലെ മാജേജർക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് നടപടി. ഫോർട്ട് കൊച്ചി സ്വദേശിയാണ് ജോഷ്വാ. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിൽ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു.

കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജറായിരുന്നു ഇയാൾ. സാൻഡിവിച്ചിൽ ചിക്കൻ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാർഥികൾക്ക് നേരെ ഇയാൾ കത്തി വീശുകയായിരുന്നു. തുടർന്ന് സംഘർഷമുണ്ടായി. ഇരു കൂട്ടരുടെയും പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തു. കൊച്ചിയിൽ സിബിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികൾ പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിംഗില്‍ എത്തിയപ്പോഴായിരുന്നു സംഘർഷം.

സാൻവിച്ചിൽ പേരിനു പോലും ചിക്കൻ ഇല്ലല്ലോ എന്ന് ജീവനക്കാരോട് വിദ്യാർത്ഥികളുടെ പരാതി പറഞ്ഞു. തുടർന്ന് വാക്കു തർക്കത്തിൽ എത്തി. ബഹളം കൂടിയതോടെ വിദ്യാർഥികൾ കടയിൽനിന്ന് ഇറങ്ങി. ജീവനക്കാർ ഭീഷണിപ്പെടുത്തി എന്നും കാര്യം ചോദിക്കണമെന്നും ചേട്ടൻമാരെ അറിയിച്ചു. വിദ്യാർത്ഥികളുടെ ബന്ധുക്കളായ സഹോദരന്മാർ കടയിലേക്ക് പാഞ്ഞ് എത്തി. അതോടെ സാഹചര്യം മാറി. ചോദ്യങ്ങളും ഉത്തരങ്ങളും കയ്യാങ്കളിയിലായി.

പിന്നാലെ ചിക്കിംഗ് മാനേജർ അടുക്കളയിലേക്ക് ഓടി കത്തിയുമായി വന്നു. വെല്ലുവിളിക്കിടെ മാനേജറെ എതിർസംഘം കസേര കൊണ്ട് കീഴ്പെടുത്തി. മർദിച്ചു. പരിക്കുകളുമായി ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി. സെൻട്രൽ പൊലീസിൽ വിവരം അറി‌ഞ്ഞ് എത്തിയപ്പോഴേക്കും പരാതിയുമായി രണ്ട് സംഘങ്ങളും എത്തി. വിദ്യാർത്ഥികൾക്ക് ഒപ്പം എത്തിയവർ തൻറെ മൊബൈൽ തട്ടിപ്പറിച്ച് ഓടിയെന്നും ജീവൻ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നും മാനേജറുടെ മൊഴി. ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് മറു പക്ഷത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *