ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി സ്കൂളിന്റെ മേൽക്കൂരയും പെരുമ്പാവൂരിൽ സ്കൂളിന്റെ മതിലും തകർന്നു വീണു. ഇന്ന് രാവിലെയായിരുന്നു രണ്ട് സ്കൂളിലും അപകടം സംഭവിച്ചത്. എന്നാൽ, അവധി ആയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

പെരുമ്പാവൂരിൽ ഒക്കൽ ​ഗവ.എൽ പി സ്കൂളിന്റെ പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ തകർന്നു വീണത്. ശക്തമായ മഴയെ തുടർന്നാണ് മതിൽ തകർന്നു വീണത്. ഈ സ്കൂളിലേക്കും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിലേക്കും കുട്ടികൾ പോകുന്ന പ്രധാന റോഡാണിത്.

ചെങ്കൽ ഉപയോ​ഗിച്ച് നിർമ്മിച്ച മതിൽ മഴയിൽ കുതിർന്ന് തകർന്നു വീഴുകയായിരുന്നു. നാട്ടുകാർ മതിൽ പുതിക്കി പണിയണെമന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വർഷങ്ങൾ പഴക്കമുള്ള മതിൽ പുനർനിർമ്മിക്കാൻ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണിരുന്നു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് ഇവിടെ അപകടം നടന്നത്.

ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് വിവരം. ഒരു വർഷമായി ഫിറ്റ്നസില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് പ്രധാനാധ്യാപകനും പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാർത്ഥി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed