ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ടു ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജമ്മുകശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് എല്ലാ ജി 7 രാജ്യങ്ങളിലെയും 1.5 ഇരട്ടി വോട്ടര്‍മാരും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ 2.5 ഇരട്ടി വോട്ടര്‍മാരുമാണ്. വോട്ടെടുപ്പിലെ വനിതാ പങ്കാളിത്തത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 31.2 കോടി വനിതകള്‍ വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണ്. വോട്ടു രേഖപ്പെടുത്തിയ എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സല്യൂട്ട് നല്‍കുന്നു. സംഭവബഹുലമായ വോട്ടെടുപ്പ് കാലം കഴിഞ്ഞു. സംതൃപ്തമായ ദൗത്യമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ഉത്സാഹം കാട്ടിയതിന്റെ തെളിവാണിത്. ചില ആരോപണങ്ങള്‍ വേദനിപ്പിച്ചു. മണിപ്പൂരിലടക്കം വലിയ സംഘര്‍ഷങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടന്നു. 1054 കോടി രൂപ, 2198 കോടിയുടെ സൗജന്യ വസ്തുക്കള്‍, 868 കോടിയുടെ മദ്യം എന്നിവ പിടിച്ചെടുത്തു. ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *