തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. വൈദ്യുതി മന്ത്രിയോട് കെഎസ്ഇബി ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ മന്ത്രി ഇതിന് മറുപടി നല്‍കിയിട്ടില്ല. ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഏപ്രില്‍ 09 ലെ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. 5646 മെഗാവാട്ട് ആണ് ഇന്നലെ പീക്ക് സമയത്തെ ഉപഭോഗം. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ്ങ് എന്ന ആവശ്യം ബോര്‍ഡ് വീണ്ടും ഉന്നയിച്ചിട്ടുള്ളത്.

പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉപഭോഗത്തില്‍ കുറവുണ്ടാകുന്നില്ല എന്നു മാത്രമല്ല, വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതുമൂലം ഫീഡറുകള്‍ക്കും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും കേടുപാടുകളും സംഭവിക്കുന്നു. ഇതു മറികടക്കാന്‍ സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ലോഡ് ഷെഡ്ഡിങ്ങ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാളെ ഉന്നതതല സമിതി യോഗം ചേരുമെന്നാണ് സൂചന.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *