നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി കേരള- കാലിക്കറ്റ് സർവകലാശാലകൾ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയെന്നാരോപിച്ച് കെഎസ്‍യു പ്രതിഷേധം ശക്തമാക്കുന്നു. സമര പരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച (2024 നവംബർ 14) കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നതെന്ന് കെഎസ്‍യു ആരോപിച്ചു. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.

യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. സർവകലാശാലകൾ വിദ്യാർത്ഥി വിരുദ്ധ തീരുമാനം ഉടനടി പിൻവലിക്കണെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *