കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ. പ്രിൻസിപ്പലിന്റെ കാല് തല്ലിയൊടിക്കും. പ്രിൻസിപ്പലിനെ പുറത്താക്കിയില്ലെങ്കിൽ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ് പറഞ്ഞു. കോളജിലേക്ക് നടത്തിയ മാർച്ചിനിടെയാണ് എസ്എഫ്ഐ നേതാവിന്റെ ഭീഷണി പരാമർശം. ഗുരുദേവ കോളജിലെ സംഘർഷത്തിൽ നേരത്തെ പ്രിൻസിപ്പലിനും എസ് എഫ് ഐ പ്രവർത്തകർക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു.

നാലുവർഷ ഡിഗ്രി കോഴ്‌സുമായി ബന്ധപ്പെട്ട് കോളേജിൽ ഹെൽപ്പ് ഡെസ്‌ക് ഇടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. പുറത്ത് നിന്നെത്തിയ എസ്എഫ്ഐക്കാർ മർദിച്ചെന്നാണ് കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിന്റെ പരാതി. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ സുനിൽ ഭാസ്ക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഒന്നാം വർഷ ഡിഗ്രി പ്രവേശനം പുരോഗമിക്കുന്നതിനിടെ എസ്എഫ്ഐ ഏരിയ സെക്രട്ടറി ബി ആർ അഭിനവിന്റ നേതൃത്വത്തിലെത്തിയ സംഘം കോളേജിൽ സംഘർഷം സൃഷ്‌ടിക്കുകയായിരുന്നു. കോളേജ് വിദ്യാർഥികൾക്ക് ഹെൽപ് ഡെസ്ക് ഇടണമെന്ന് ആവശ്യപ്പെട്ടെങ്കിലും വകുപ്പ് മന്ത്രിയുമായി ആലോചിച്ച് തീരുമാനമറിയിക്കാമെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

രക്ഷിതാക്കളും വിദ്യാർഥികളും നോക്കി നിൽക്കെ എസ്എഫ്ഐക്കാർ പ്രിൻസിപ്പലിന്റെ മുഖത്തടിച്ചതായാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നും അധ്യാപകർ ചേർന്ന് മർദിക്കുകയായിരുന്നെന്നാണ് എസ്എഫ്ഐ പറയുന്നത്.

സ്ഥലത്തെത്തിയ പൊലീസ് കോളജിലെ സി സി ടിവിയടക്കം പരിശോധിച്ച് പ്രിൻസിപ്പലിനും എസ്എഫ്ഐ പ്രവർത്തകർക്കുമെതിരെ കേസെടുക്കുകയായിരുന്നു. പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കും പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും എതിരെയാണ് കേസ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *