കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് ഗൃഹനാഥനുനേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പനമ്പാലം സ്വദേശി സുരേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ബെൽ സ്റ്റാർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ജാക്സൺ ആണ് സുരേഷിനെ ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിൽനിന്ന് സുരേഷെടുത്ത വായ്‌പയുടെ ഒരു മാസത്തെ തിരിച്ചടവ് മാത്രമാണ് മുടങ്ങിയത്.
ഇതന്വേഷിക്കാൻ വീട്ടിലെത്തിയ കളക്ഷൻ ഏജന്റ് ജാക്സൺ വീട്ടിലുണ്ടായിരുന്ന പ്ലാസ്റ്റർ പ്രതിമ എടുത്ത് സുരേഷിൻ്റെ തലയിൽ അടിക്കുകയായിരുന്നു.

ഹൃദ്രോഗ ബാധിതനായി 6 മാസമായി ചികിത്സയിലായിരുന്നു സുരേഷ്. 35,000 രൂപയാണ് ഇദ്ദേഹം വായ്‌പ എടുത്തത്. പതിനായിരം രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടക്കാനുള്ളത്. സംഭവത്തിൽ പന്നിമറ്റം സ്വദേശിയായ ജാക്‌സനെ പോലീസ് കസ്റ്റഡിയിലെടുത്തു.

There is no ads to display, Please add some