നാല് വയസുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.
കോഴിക്കോട് കസബ പൊലീസ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു.

2024 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്‌സോ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. ഇതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും ഇക്കാരണത്താൽ കുട്ടിയെ സ്‌കൂളിൽ വിടാനാകുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

There is no ads to display, Please add some