കൊച്ചി: എറണാകുളം കളമശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി. മാലിന്യ വണ്ടി കേടായതോടെയാണ് ഇവർക്ക് പിടിവീണത്. ഒരു വണ്ടി നിറയെ ഫർണിച്ചർ കടയിൽ നിന്നുള്ള മാലിന്യവുമായാണ് ഇവർ എത്തിയത്.
പുലർച്ചെ മൂന്ന് മണിക്കാണ് വണ്ടിയുമായി രണ്ടു പേർ കളമശേരി നഗരസഭയുടെ പന്ത്രണ്ടാം വാർഡിൽ എത്തുകയായിരുന്നു. മാലിന്യം തള്ളിയിട്ട് പോകാൻ ശ്രമിച്ചപ്പോഴായിരുന്നു വണ്ടി പണി മുടക്കിയത്. വണ്ടി അനങ്ങാതായതോടെ വണ്ടിയിലുണ്ടായിരുന്ന രണ്ടു പേരും ഉള്ളിൽ തന്നെ ഇരുന്നു. അപ്പോഴേക്കും നാട്ടുകാരെത്തുകയും പിടിവീഴുകയുമായിരുന്നു.
പടമുകളിലുളള ഫർണിച്ചർ സ്ഥാപത്തിലെ മാലിന്യമാണ് എത്തിച്ചതെന്ന് പിടിയിലായവർ നാട്ടുകാരെയും നഗരസഭയെയും അറിയിച്ചു. ഈ മേഖലയിൽ മുമ്പും ഇവർ മാലിന്യം തള്ളിയിട്ടുണ്ടെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
പിടിച്ചെടുത്ത വാഹനം ആർഡിഒയ്ക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം. അതേസമയം, ഈ മേഖലയിലെ മറ്റ് ചില സ്വകാര്യ ഭൂമികളിൽ അനധികൃതമായി മാലിന്യം ശേഖരിച്ചിട്ടിരിക്കുന്നതിനെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
