ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ തീരുമാനം മല എലിയെ പ്രസവിച്ചതുപോലെയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുതവണയായി 2000 രൂപയുടെ വര്‍ദ്ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ ഇടതു സര്‍ക്കാര്‍ തന്നെ വരുത്തിയിരുന്നുവെന്നും ബാലഗോപാല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 1000 രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ദ്ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വര്‍ദ്ധനവാണ് ഈ കാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ലെന്നും കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.


