വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ നിയോജകമണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതുമുന്നണിക്കുള്ള പിന്തുണ തുടരുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവുമാണ് ഇടതുമുന്നണിക്കുള്ള തെരഞ്ഞെടുപ്പ് പിന്തുണ തുടരാന്‍ തീരുമാനിച്ചത്.
മൂന്ന് നിയോജകമണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം രാജ്യത്തോ സംസ്ഥാനത്തോ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ ഏതെങ്കിലും തരത്തില്‍ ഗൗരവമായി സ്വാധീനിക്കുന്നതല്ല. പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ഇ. ശ്രീധരനുണ്ടാക്കിയ മുന്നേറ്റം ബിജെപിക്കുണ്ടാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പ്രചരിപ്പിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് ചെയ്യുന്നതെന്ന രാഷ്ട്രീയ തിരിച്ചറിവുണ്ടാകണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര ജനത ജനാധിപത്യ ജാഗ്രത പുലര്‍ത്തുമെന്ന ശുഭപ്രതീക്ഷയുണ്ട്.
മുനമ്പത്തെ വഖഫ് ഭൂമിയുടെ പ്രശ്നത്തില്‍ സംഘ്പരിവാറും തീവ്രക്രൈസ്തവ വിഭാഗവും ഒത്തുചേര്‍ന്ന് വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന വഖഫ് സ്വത്ത് കയ്യേറിയ റിസോര്‍ട്ട് മാഫിയകളുടെ കയ്യേറ്റത്തെ ന്യായീകരിക്കാനും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന സംഘങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനുമാണ് ഉപകരിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

എറണാകുളം ഇന്‍സാഫ് ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി. വൈസ്ചെയര്‍മാന്‍ അഡ്വ.മുട്ടം നാസര്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര് , മജീദ് ചേര്‍പ്പ്, ടി.എ.മുജീബ് റഹ്മാന്, ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.
