കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ‌സ്റ്റേഡിയത്തിൽ കളി മറന്ന് കേരള ബ്ലാസ്‌റ്റേഴ്സ്. നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്സ് തോറ്റത്.

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ തുടരുന്ന പഞ്ചാബ് അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിക്കുകയായിരുന്നു. ജോർദാൻ ഗിൽ (43, 61), ലൂക്ക മാജെൻ (88) എന്നിവരാണ് പഞ്ചാബിന്റെ ഗോൾ സ്കോറർമാർ. 39-ാം മിനിറ്റിൽ മിലോസ് ഡിൻകിച്ചാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

ലീഡ് എടുത്ത ശേഷം മൂന്നു ഗോളുകൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ച ഒരു കോർണറിൽനിന്നാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. പഞ്ചാബ് ഗോളി തട്ടിയകറ്റിയ പന്ത് വീണ്ടും ഗോൾ പോസ്റ്റിലേക്ക് മിലോസ് ഡിൻകിച് ഉന്നമിടുകയായിരുന്നു.

ഗോൾ ലൈനിന് അകത്തു തട്ടി പന്തു പുറത്തേക്കുതന്നെ പോയി. റഫറി ഗോൾ അനുവദിച്ചു. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിൻ്റെ ആഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 43-ാം മിനിറ്റിൽ ബ്ലാ‌സ്റ്റേഴ്സ‌് ഗോൾ മുഖത്തേക്ക് കുതിച്ച പഞ്ചാബ് സ്ട്രൈക്കർ ജോർദാൻ ഗിൽ തകർപ്പനൊരു ഷോട്ടിലൂടെ പന്തു വലയിലെത്തിച്ചു.

ബ്ലാസ്‌റ്റേഴ്‌സ്‌ താരം ഹോർമിപാമിന്റെ കാലിൽ തട്ടിയ ശേഷമാണ് പന്ത് ഗോളി സച്ചിൻ സുരേഷിനെ മറികടന്ന് വലയിലെത്തിയത്. സ്കോർ 1-1.

രണ്ടാം പകുതിയിലാണ് പഞ്ചാബ് മത്സരത്തിൽ ആദ്യമായി ലീഡെടുത്തത്. കൗണ്ടർ ആക്രമണത്തിൽ പന്തു പിടിച്ചെടുത്ത് മഹ്ദി എടുത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിൻ സുരേഷ് തട്ടിമാറ്റി, പക്ഷേ പോസ്റ്റിനു സമീപത്ത് കാത്തുനിന്നിരുന്ന ജോർദാൻ ഗിൽ ഹെഡ് ചെയ്ത് വലയിലെത്തിച്ചു.

സമനില ഗോൾ നേടാനുള്ള ബ്ലാ‌സ്റ്റേഴ്സ‌് താരങ്ങളുടെ ശ്രമങ്ങൾ പഞ്ചാബ് എഫ്സി പ്രതിരോധിച്ചുനിന്നു. 88-ാം മിനിറ്റിലാണ് പഞ്ചാബിന്റെ പെനൽറ്റി ഗോളെത്തിയത്. ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ പ്രതിരോധ താരം ഫ്രെഡി പന്തു കൈകൊണ്ട് തട്ടിയതോടെ റഫറി പെനൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത പഞ്ചാബ് ക്യാപ്റ്റൻ ലൂക്ക മാജെൻ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു.

14 മത്സരങ്ങളിൽനിന്ന് പഞ്ചാബിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്. സീസണിലെ നാലാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി മൂന്നാമതു തുടരുന്നു.

16ന് ചെന്നൈയിൻ എഫ്സിക്കെതിരെയാണ്ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *