സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പൊതുവെ യുവനിരയെ കളത്തിലിറക്കിയ മോഹൻ ബഗാന്റെ വിജയം. സഹൽ അബ്ദുൾ സമദ്, സുഹൈൽ ഭട്ട് എന്നിവരാണ് മോഹൻ ബഗാനായി ഗോളുകൾ നേടിയത്. ശ്രീകുട്ടൻ എം എസ് ആണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മോഹൻ ബഗാൻ താരങ്ങൾ അനായാസമാണ് കളിച്ചിരുന്നത്. 23-ാം മിനിറ്റിൽ മോഹൻ ബഗാന്റെ ആദ്യ ഗോൾ പിറന്നു. സലാഹുദ്ദീൻ അദ്നാൻ നൽകിയ പാസ് മലയാളി താരം സഹൽ അബ്ദുൾ സമദ് കൃത്യമായി വലയിലെത്തിച്ചു. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് ലീഡ് ചെയ്യാനും മോഹൻ ബഗാന് സാധിച്ചു.

രണ്ടാം പകുതി തുടങ്ങിയതും ബഗാൻ വീണ്ടും മുന്നിലെത്തി. മലയാളി താരം ആഷിക് കുരുണിയന്റെ പാസാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. ആഷികിന്റെ പാസ് സുഹൈൽ ഭട്ട് വലയിലാക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് 93-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയായി ശ്രീകുട്ടൻ എം എസിന്റെ ഗോൾ പിറന്നത്. പിന്നാലെ ഒരു സമനിലയ്ക്കായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഗോൾവല ചലിപ്പിക്കാനായില്ല. ഒടുവിൽ 2-1ന്റെ വിജയത്തോടെ മോഹൻ ബഗാൻ സൂപ്പർ കപ്പിന്റെ സെമിയിൽ കടന്നു.
