നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.

വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ്‌ സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും അപ്പീൽ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതി നിലനിൽക്കില്ലെന്നും അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.

ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയർന്നിരുന്നു.

പിന്നീടാണ് ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്ന് തർക്കം ഉണ്ടായത്. തുടർച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പൊൻ കിരീടം സ്വന്തമാക്കിയത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *