മുംബൈ: മൊബൈൽ നിരക്ക് കുത്തനെ കൂട്ടി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും വൊഡാഫോൺ ഐഡിയയുമെല്ലാം. 34 മുതൽ 60 രൂപ വരെയാണു പ്രതിമാസ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളുടെ നിരക്ക് കമ്പനികൾ കൂട്ടിയത്. എന്നാൽ, ജിയോ-എയർടെൽ ഉപഭോക്താക്കൾക്ക് താൽക്കാലികമായി നിരക്ക് വർധനയിൽനിന്നു രക്ഷപ്പെടാൻ ഇപ്പോഴൊരു വഴിയുണ്ട്.

പ്രീപെയ്‌ഡ് യൂസർമാർക്കു മാത്രമാണ് ഈ താൽക്കാലികാശ്വാസം ലഭിക്കുക. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം കിട്ടില്ല. ജൂലൈ മൂന്നു മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഈ തിയതിക്കുമുൻപ് ഇഷ്‌ടമുള്ള പ്ലാൻ റീചാർജ് ചെയ്‌താൽ മതി. പിന്നീട് ഈ പ്ലാൻ ഇല്ലാതാകുകയോ നിരക്ക് വർധിപ്പിക്കുകയോ ചെയ്ത‌ാലും നേരത്തെ റീചാർജ് ചെയ്ത‌വരെ അതു ബാധിക്കില്ല.

ഈ സമയത്ത് നിലവിലെ പ്ലാൻ തീർന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല. നേരത്തെ തന്നെ റീചാർജ് ചെയ്‌ത്‌ ഷെഡ്യൂൾ ചെയ്തുവയ്ക്കാനുള്ള ഓപ്ഷൻ ജിയോയിലും എയർടെല്ലിലുമുണ്ട്. ജൂലൈ മൂന്നിനുമുൻപ് റീചാർജ് ചെയ്തതാൽ നിലവിലെ പ്ലാൻ തീരുന്ന മുറയ്ക്കു പുതിയ പ്ലാനിലേക്കു മാറും. പുതിയ നിരക്കുമാറ്റം ഇതിനെ ബാധിക്കുകയുമില്ല. ഒരു വർഷത്തേക്കോ ആറു മാസത്തേക്കോ ഒരു മാസത്തേക്കോ നേരത്തെ റീചാർജ് ചെയ്താൽ പുതിയ നിരക്ക് വർധന തൽക്കാലത്തേക്കെങ്കിലും ബാധിക്കില്ല.

അതേസമയം, വൊഡാഫോൺ ഐഡിയയിൽ ഇങ്ങനെ ഷെഡ്യൂൾ ചെയ്യാൻ കഴിയില്ല. എയർടെല്ലിൽ എത്ര റീചാർജുകൾ ഷെഡ്യൂൾ ചെയ്തുവയ്ക്കാനാകുമെന്നു വ്യക്തമല്ല. എന്നാൽ, ജിയോയിൽ 50 റീചാർജുകൾ വരെ ഇങ്ങനെ സാധിക്കുമെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *