സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് തോല്‍വി. ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയം വഴങ്ങിയത്. രണ്ടു മത്സര പരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0). സ്കോര്‍: ഇന്ത്യ – 245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10.

163 റൺസ് ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 131 റൺസിന് പ്രോട്ടീസ് ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. അർധ സെഞ്ചുറി നേടിയ വിരാട് കോലിക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ പ്രോട്ടീസ് ബൗളർമാർക്കെതിരേ പിടിച്ചുനിൽക്കാനായത്. 82 പന്തുകൾ നേരിട്ട കോലി ഒരു സിക്സും 12 ഫോറുമടക്കം 76 റൺസെടുത്തു.

കോലിയെ കൂടാതെ 26 റൺസെടുത്ത ശുഭ്മാൻ ഗില്ലിന് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. ക്യാപ്റ്റൻ രോഹിത് ശർമ (0), യശസ്വി ജയ്സ്വാൾ (5), ശ്രേയസ് അയ്യർ (6), കെ.എൽ രാഹുൽ (4), ആർ. അശ്വിൻ (0), ശാർദുൽ താക്കൂർ (2) എന്നിവരെല്ലാം തന്നെ പൂർണ പരാജയമായി. ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നാല് വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബർഗറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്. റബാദ രണ്ട് വിക്കറ്റെടുത്തു.
