ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 280 റൺസിന്റെ തകർപ്പൻ ജയം. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 234 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ ആറ് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും സ്വന്തമാക്കി. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇതോടെ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
നാലാം ദിനം രാവിലെ നാലിന് 158 എന്ന സ്കോറിൽ നിന്നാണ് ബംഗ്ലാദേശ് ബാറ്റിങ് ആരംഭിച്ചത്. ചെപ്പോക്കിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നതായി കണ്ടതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സ്പിന്നർമാരെ തുടർച്ചയായി പന്തേൽപ്പിച്ചു. ബംഗ്ലാദേശ് നിരയിലെ അവശേഷിച്ച വിക്കറ്റുകൾ വീഴ്ത്തുന്ന ദൗത്യം രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഭംഗിയാക്കി. ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയുടെ 82 റൺസ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ എടുത്ത് പറയാനുള്ളത്.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 376 റൺസ് സ്കോർ ചെയ്തിരുന്നു. രവിചന്ദ്രൻ അശ്വിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇതിന് മറുപടി പറഞ്ഞ ബംഗ്ലാദേശിന് ആദ്യ ഇന്നിംഗ്സിൽ 149 റൺസ് മാത്രമാണ് നേടാനായത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി റിഷഭ് പന്തും ശുഭ്മൻ ഗില്ലും സെഞ്ച്വറികൾ നേടിയതോടെ നാലിന് 287 എന്ന സ്കോർ ഉയർത്തി രോഹിത് ശർമയുടെ സംഘം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മത്സരം വിജയിക്കാൻ ബംഗ്ലാദേശിന് ലക്ഷ്യം 515 റൺസായിരുന്നു.
There is no ads to display, Please add some