ഇടുക്കി: വധശ്രമക്കേസ് ഒതുക്കി തീർക്കാൻ പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെൻഷൻ. ഉപ്പുതറ എസ്.ഐ.- കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പൻഡ് ചെയ്തത്. ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ മുൻപ് ഉണ്ടായിരുന്ന സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന കെ. നസീറിന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താർക്കാലിക ചുമത ലഭിച്ചത്. ഈ സമയത്താണ് എസ്ഐ കൈക്കൂലി വാങ്ങിയതും വിവരം പുറത്തറിഞ്ഞതോടെ സസ്പെൻഷൻ ലഭിക്കുന്നതും.

കഴിഞ്ഞ 13ന് വൈകിട്ട് മേരികുളം ടൗണിനു സമീപം വാഹനത്തിൽ മദ്യപിച്ചു കൊണ്ടിരുന്നത് ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് സംഭവങ്ങളുടെ തുടക്കം. മദ്യാപനം ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷമുണ്ടാകുകയും രണ്ടു പേർക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് സമീപവാസിയായ വീട്ടുടമസ്ഥന് എതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ അനുകൂലമായ റിപ്പോർട്ട് നൽകണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കൾ 16 ന് സ്റ്റേഷനിൽ എത്തി എസ്.ഐ.യെ സമീപിച്ചു. തുടർന്ന് എസ്ഐ ഇവരോട് തന്‍റെ താമസ സ്ഥലത്തു എത്താൻ നിർദ്ദേശിക്കുകയും അവിടെ വച്ച് 10000 രൂപ വാങ്ങുകയും ചെയ്തു. പിറ്റേന്ന് പ്രതി കീഴടങ്ങി റിമാൻഡിലാകുകയും ചെയ്തു.

എന്നാൽ കൈക്കൂലി നൽകിയ വിവരം പ്രതിയുടെ ബന്ധുക്കളിൽ നിന്നു തന്നെ ചോർന്നു.വിവരം നാട്ടിൽ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കട്ടപ്പന ഡി.വൈ.എസ്.പിയോട് റിപ്പോർട്ട് തേടി . ഡി.വൈ.എസ്പിയുടെ അന്വേഷണത്തിൽ എസ്.ഐ. കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തി.

ഇതു വ്യക്തമാക്കി നൽകിയ റിപ്പോർട്ടിലാണ് ബുധനാഴ്ച എസ്.ഐ.യെ സസ്പൻഡു ചെയ്തു കൊണ്ട് ഉത്തരവിറങ്ങിയത്. ഉപ്പുതറ സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന നസീർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താർക്കാലിക ചുമതലയിൽ ഉപ്പുതറ സ്റ്റേഷനിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *