ഇടുക്കി: കാട്ടാന ആക്രമണത്തില്‍ മരിച്ച ഇടുക്കി നേര്യമംഗലം സ്വദേശി ഇന്ദിരയുടെ മൃതദേഹം സംസ്‌കരിച്ചു. നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ അന്തിമോപചാരം അര്‍പ്പിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ദിരയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രി തന്നെ കാഞ്ഞിരവേലിയിലെ വീട്ടില്‍ എത്തിച്ചിരുന്നു.

രാവിലെ 10 മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. വനമേഖലയോട് ചേര്‍ന്നുള്ള വീട്ടിലേക്ക് നൂറു കണക്കിന് ആളുകളാണ് എത്തിയത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നാണ് കുടുംബത്തിന്റെ പ്രതികരണം. കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടതോടെ ഒരു ഗ്രാമമാകെ ആശങ്കയിലായിരിക്കുകയാണ്.

മന്ത്രി പി രാജീവ്, സര്‍ക്കാരിന്റെ ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ ഇന്ദിരയുടെ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. കാട്ടാനശല്യം തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയായിരുന്നു കൃഷിയിടത്തില്‍ വെച്ച് ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *