ന്യൂഡല്‍ഹി: ആരോഗ്യ പാനീയമെന്ന ഹോര്‍ലിക്സിന്റെയും ബൂസ്റ്റിന്റെയും ലേബലില്‍ മാറ്റം. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡുകളുടെ ഉടമയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രാന്‍ഡുകളില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.
‘ഞങ്ങള്‍ ബ്രാന്‍ഡുകളുടെ ലേബലുകള്‍ ‘ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ എന്നാക്കി മാറ്റിയിട്ടുണ്ട്’ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പറഞ്ഞു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ വളരെ കൂടുതലാണെന്ന് കേന്ദ്ര മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.
ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നിര്‍ദേശം.
പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകള്‍ കേന്ദ്രം പങ്കുവെച്ചിരുന്നു. ബോണ്‍വിറ്റയെയും സമാനമായ പാനീയങ്ങളെയും ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ എന്ന് തരംതിരിക്കരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ഉപദേശിച്ചിരുന്നു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ടില്‍ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ എന്ന വിഭാഗമില്ല എന്നതാണ് ഇതിന് കാരണം.
There is no ads to display, Please add some