കൊല്ലത്ത് 4 വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ആരോഗ്യ വകുപ്പ് തുടര്‍ നടപടികൾ സ്വീകരിച്ച് വരുകയാണ്.

എന്താണ് എച്ച്1 എന്‍1?
സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇത് പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.