ലഖ്നൗ: ഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി. വാരാണസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിർദേശമുണ്ട്.
ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകൾ നീക്കം ചെയ്യാനും നിർദേശം നൽകി.
പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സർവേക്കായി സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. പൂജ ഏഴ് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഹിന്ദു വിഭാഗം അഭിഭാഷകൻ അഡ്വ. വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
എന്നാൽ ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് അൻജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഖ്ലാഖ് അഹമ്മദ് പറഞ്ഞു. ഹർജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി.
മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

There is no ads to display, Please add some