ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടർന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്ബർ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്.

ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാർ ഉടൻ വെള്ളമൊഴിച്ച്‌ തീയണച്ചു. ഭണ്ഡാരം തുറന്ന് മുഴുവൻ നോട്ടുകളും 130 കുട്ടകങ്ങളിലാക്കി സുരക്ഷിത മുറിയിലേക്ക് മാറ്റി. നനഞ്ഞ നോട്ടുകള്‍ ഉണക്കുന്നതിനുള്ള സംവിധാനം ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നഷ്ടം കണക്കാക്കും.

ക്ഷേത്ര ശ്രീകോവിലിനു സമീപത്തെ ഈ ഒരൊറ്റ ഭണ്ഡാരത്തില്‍ നിന്ന് ഒരു മാസം ഒരു കോടിയിലേറെ രൂപ ലഭിക്കാറുണ്ട്. ക്ഷേത്ര ശ്രീകോവിലിനു ചുറ്റും ചുമർചിത്രം നവീകരിക്കുന്നതിനായി ഭണ്ഡാരം മാറ്റിയിട്ടപ്പോള്‍ ഭണ്ഡാരത്തിന്റെ മുകളില്‍ മഴ നനയാതെ ഉണ്ടാക്കിയ മുഖപ്പ് മുറിച്ചു മാറ്റിയിരുന്നു.

മഴക്കാലത്തിനു മുൻപായി ഈ ഭാഗം വെല്‍ഡ് ചെയ്ത് ഉറപ്പിക്കുന്നതിനിടെയാണ് തീപിടിച്ചത്. സംഭവം അറിഞ്ഞ് എത്തിയ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫിനാൻസ് കെ.ഗീത, ഹൈക്കോടതി നിരീക്ഷകൻ മുകുന്ദരാജ എന്നിവരുടെ സാന്നിധ്യത്തിലാണ് നോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed