സ്വർണാഭരണപ്രിയർക്ക് സന്തോഷ വാർത്തയുമായാണ് ഇന്ന് നേരം പുലർന്നത്. കല്യാണ പാർട്ടികൾക്കും ആശ്വാസത്തിന് വകയുണ്ടെന്ന് സാരം. പവന് തുടർച്ചയായി രണ്ടാം തവണയാണ് വില കുറയുന്നത്. ഇന്ന് 480 രൂപ കുറഞ്ഞ് 86,560 ലേക്ക് എത്തി. ഗ്രാമിന് 60 രൂപ താഴ്ന്ന് വില 10,820 രൂപയും എത്തി. ഇന്നലെയും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 10,930 രൂപയും പവന് 87,000 രൂപയുമാണ് എക്കാലത്തെയും ഉയരം.

സ്വർണവില പവന് 87,000 രൂപയെന്ന നാഴികക്കല്ല് തൊട്ടതും ഒന്നാംതീയതി ആയിരുന്നു.ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് പ്രധാനമായും സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണത്തിന് കുതിക്കാനുള്ള ഊർജമാണ്. ഇതിനിടെ പ്രവർത്തനഫണ്ട് സംബന്ധിച്ച ബിൽ പാസാകാത്തതിനാൽ ട്രംപിൻ്റെ ഭരണം സ്‌തംഭിച്ചത് സ്വർണത്തിന് കൂടുതൽ കരുത്തുമായി. എന്നാൽ, പിന്നാലെ ലാഭമെടുപ്പും തകൃതിയായത് വിലക്കുതിപ്പിന് തടയിട്ടു.

