മോചനം ആയുധങ്ങൾകൊണ്ടു മാത്രമല്ലെന്നു ലോകത്തെ പഠിപ്പിച്ച മഹാത്മാവിനെ സ്മരിക്കാൻ ഇന്ത്യക്കാർക്ക് പ്രത്യേക ദിവസം ആവശ്യമില്ല. യുദ്ധങ്ങളുടേയും സംഘർഷങ്ങളുടേയും ഇക്കാലത്ത് ലോകവും തേടുന്നത് ഗാന്ധിജിയെപ്പോലൊരാളെ തന്നെയാണ്. സമ്പന്ന കുടുംബത്തില്‍ ജനിച്ച്, വിദേശ വിദ്യാഭ്യാസം നേടി, ബാരിസ്റ്ററുടെ സ്യൂട്ടണിഞ്ഞ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.

അവിടെ നിന്ന് ദരിദ്ര ഇന്ത്യയുടെ ഫക്കീറായ ഗാന്ധിയിലേക്കുള്ള സത്യാന്വേഷണം, കഥകളില്‍ പറയുന്നതുപോലെ, ദക്ഷാഫ്രിക്കയില്‍ വംശീയ അധിക്ഷേപം നേരിട്ട ഒരു 24 കാരന്‍റെ ബോധോദയത്തില്‍ തുടങ്ങുന്നതല്ല. 20 വർഷക്കാലം ദക്ഷിണാഫ്രിക്കയില്‍, വിവേചനങ്ങള്‍ക്കെതിരായ പോരാട്ടത്തിലായിരുന്ന ഗാന്ധി, അവിടെനിന്ന് മാതൃദേശമായ ഇന്ത്യയിലേക്ക് തീവണ്ടി കയറുന്നത് 45ാം വയസിലാണ്.

നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടുകിടക്കുന്ന ഒരു സമ്പന്നരാജ്യം, അവിടെ അവകാശങ്ങളില്ലാത്ത ദരിദ്രഭൂരിപക്ഷം, ജാതിവ്യവസ്ഥയാല്‍ കെട്ടിപ്പൊക്കിയ സാമൂഹിക വ്യവസ്ഥ. ഹിന്ദു-മുസ്ലിം മതവിദ്വേഷത്താല്‍ അസാധ്യമായ ഐക്യം. സായുധപോരാട്ടങ്ങളിലൂടെ ബ്രിട്ടീഷുകാരെ തുരത്താനുള്ള ഒറ്റപ്പെട്ടതും സംഘടിതവുമായി ശ്രമങ്ങള്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയരുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന കാലം. അവിടേക്ക് വണ്ടിയിറങ്ങുന്നത് ഗാന്ധി എന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ്.

അഹിംസയാണ് ഏകമാർഗമെന്നും സത്യമാണ് പരമമായ ലക്ഷ്യമെന്നും ജെെനമതവിശ്വാസിയായ അമ്മയില്‍ നിന്ന് പഠിച്ച ഗാന്ധി, ഇന്ത്യയുടെ സ്വാതന്ത്രപോരാട്ടത്തില്‍ നിസ്സഹകരണം എന്നൊരു സമരതന്ത്രം അവതരിപ്പിച്ചു. പാശ്ചാത്യവസ്ത്രമഴിച്ചുവെച്ച് ബഹിഷ്കരണം പ്രഖ്യാപിച്ചു. 1930 ലാരംഭിച്ച നിസ്സഹകരണ പ്രസ്ഥാനം, ഒരിറ്റു രക്തം ചിന്താതെ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. ദണ്ഡിയില്‍ ഉപ്പുകുറുക്കുന്നതിന് ആ വൃദ്ധനൊപ്പം കിലോമീറ്ററുകള്‍ താണ്ടി ബഹുജനം.

നിരാഹാര സത്യാഗ്രഹം കിടന്ന് ഭീഷണിമുഴക്കുന്ന ഒരു വൃദ്ധനെ എന്തിന് ഭയക്കണം എന്ന ബ്രിട്ടീഷുകാരുടെ പരിഹാസത്തിനുള്ള മറുപടിയിയാരുന്നു അത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍ 1947 ല്‍ സ്വാതന്ത്രം എന്ന സ്വപ്നം യാഥാർഥ്യമായി. എന്നാല്‍ ഗാന്ധി സ്വപ്നം കണ്ട ഐക്യഇന്ത്യയുടെ സ്വാതന്ത്രമായിരുന്നില്ല അത്. തന്‍റെ ശവത്തിന് മുകളിലേ ഇന്ത്യ വിഭജിക്കപ്പെടൂ എന്ന പ്രഖ്യാപനത്തില്‍ തോറ്റുപോയ അദ്ദേഹം ഇന്ത്യ സ്വാതന്ത്രത്തിലേക്ക് ഉണർന്ന പുലരിയില്‍ നിരാഹാരത്തിലായിരുന്നു.

എന്നാല്‍ നിരാഹാരത്തിലൂടെയായിരിക്കില്ല ഗാന്ധിയുടെ മരണമെന്ന് തീവ്രദേശീയവാദികളുറച്ചു, 1948 ജനുവരി 20ന് ആദ്യ വധശ്രമം നടന്നു. എന്നാലത് പരാജയപ്പെട്ടു. അതേ അക്രമികള്‍ 30ന് രണ്ടാം ശ്രമം നടത്തി, നാഥുറാം ഗോഡ്സെയുടെ പിസ്റ്റലിലെ മൂന്ന് വെടിയുണ്ടകള്‍ ഗാന്ധിയുടെ നെഞ്ചുതുളച്ചു. ആ രക്തസാക്ഷിത്വത്തിന് മുന്നില്‍ വിതുമ്പിയത് ആഗോള മാനവികതയാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *