കാസർകോട്: ജഡ്‌ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാത്രിയാണു സംഭവം. പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞ് ഇയാൾ നീലേശ്വരം പൊലീസിനെ ഫോണിൽ വിളിക്കുകയായിരുന്നു. നീലേശ്വരം പൊലീസ് വിവരം കാഞ്ഞങ്ങാട് പൊലീസിലും അറിയിച്ചു. തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് വാഹനത്തിൽ ഇയാളെ ഹോട്ടലിൽ എത്തിച്ചു. ഭീഷണിയുള്ള ജഡ്‌ജിയാണെന്നു സൂചിപ്പിച്ചതിനെ തുടർന്ന് ഹോട്ടലിൽ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി.
ഇന്നു പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പൊലീസിനു സംശയം തോന്നിയത്. തുടർന്ന് ഐ.ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സബ് കലക്ടറാണെന്നു പറഞ്ഞായിരുന്നു ഇയാൾ ഹോട്ടലിൽ മുറിയെടുത്തിരുന്നത്. ഇതിനുള്ള പണവും നൽകിയിരുന്നില്ല എന്നാണു വിവരം.

There is no ads to display, Please add some