എരുമേലി: അയ്യപ്പൻ എന്റെ അകത്ത് ഓം, സ്വാമി നിൻ്റെ അകത്ത് ഓം’ എന്ന മന്ത്രം ഭക്തിപ്രഹർഷത്തിൽ അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം എന്നായി മുഴങ്ങുമ്പോൾ മാനവസാഹോദര്യത്തിന്റെ വിശാല ദർശനത്തിലേക്കും ഈശ്വരസാക്ഷാത്കാരത്തിലേക്കും ഇന്ന് എരുമേലി ചുവടുവയ്ക്കും. മതങ്ങളും മനസ്സുകളും ഒന്നാകുന്ന മാനവമൈത്രിയുടെ സംഗമഭൂമിയായി എരുമേലി മാറും.

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. ഐതിഹ്യപ്പെരുമയില്‍ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ഇന്ന് എരുമേലിയില്‍ പേട്ട തുള്ളും. ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ളതാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍.

ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലാണ് ആദ്യം നടക്കുക. അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് സംഘം പുറപ്പെടുന്നത്.

വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ട തുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയില്‍ ജമാ അത്ത് ഭാരവാഹികള്‍ വരവേല്‍ക്കും. ആകാശത്ത് പൊന്‍നക്ഷത്രം തിളങ്ങുന്നതോടെ രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തില്‍ നിന്നും പേട്ട തുള്ളല്‍ ആരംഭിക്കും.

