കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം മാത്രം നൽകാമെന്നാണ് മുസ്ലിം ലീഗ് നിലപാട്. ചെയർപേഴ്സൺ സ്ഥാനം ഇല്ലെങ്കിൽ ഭരണത്തിന്‍റെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്.

ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രണ്ട് പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല. നഗരസഭയിൽ അനിശ്ചിതത്വം തുടരുകയാണ്. ഈരാറ്റുപേട്ടയിൽ 29 വാർഡിൽ 16 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. 9 ഇടത്ത് ജയിച്ചത് ലീഗാണ്. അഞ്ച് പേർ കോണ്‍ഗ്രസിന്‍റെ കൌണ്‍സിലർമാരാണ്. രണ്ട് സ്വതന്ത്രരുമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ നേട്ടം കൊയ്ത ജില്ലയാണ് കോട്ടയം. പക്ഷേ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്ക് സമവായത്തിലെത്താൻ നേതൃത്വത്തിന് കഴിയുന്നില്ല. പഞ്ചായത്തുകളിലും നഗരസഭകളിലും അധ്യക്ഷ സ്ഥാനം മോഹിക്കുന്നവർ ഒന്നിലധികമുണ്ട്. പലയിടത്തും മുതിർന്ന നേതാക്കൾ മുതൽ യുവാക്കൾ വരെ. കെപിസിസി സർക്കുലർ പാലിച്ച് എല്ലാവരെയും തൃപ്തിപ്പെടുത്തി പോകാനാണ് കോൺഗ്രസ് തീരുമാനം.

