തൃശൂർ: സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് മകൾ വീണയ്ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണ തന്റെ മകളായതുകൊണ്ട് മാത്രമാണ് ഈ അന്വേഷണമെന്നും, തനിക്കോ മകൾക്കോ യാതൊരുവിധ ഹവാല ഇടപാടുകളുമായും ബന്ധമില്ലെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീണ എന്ന ചെറുപ്പക്കാരി ഭയങ്കര സ്വത്തിന് ഉടമയൊന്നുമല്ല. എൻറെ മകളാണ് എന്നതിൻറെ പേരിലാണല്ലോ പ്രശ്നവും വിചിത്ര നടപടിയും. വീണ റിയാസിൻറെ അക്കൌണ്ടിലേക്ക് പണം കൈമാറി എന്ന വാർത്ത എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പിഎ. മുഹമ്മദ് റിയാസിനെതിരെയും അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ഇഡിയുടെ വാർത്താക്കുറിപ്പിൽ തന്റെ പേര് മുൻ മുഖ്യമന്ത്രി എന്ന് പ്രത്യേകം പരാമർശിച്ചതിന് പിന്നിലും ചില മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നതിന് പിന്നിലും പ്രത്യേക താല്പര്യങ്ങളുണ്ട്. ഇ.ഡി അന്വേഷണവുമായി വീണ ഇതുവരെ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ കൈകൾ പൂർണ്ണമായും ശുദ്ധമാണെന്നും കൂട്ടിച്ചേർത്തു.

മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. ഷംസീറിനെതിരായ വിവാദ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. വെള്ളാപ്പള്ളിയുടേത് അസംബന്ധമായ പ്രസ്താവനയാണെന്നും സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴികളിലൂടെയോ ചുളുവിലോ നേതാവായി മാറിയവരല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഷംസീറിന്റേത് മുസ്ലിം ലീഗിന്റെ മനസ്സാണെന്നും ചുളുവിൽ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് പിണറായി വിജയനും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

