എസ്എൻഡിപിക്കെതിരെ ഡിവൈഎഫ്ഐ നേതാവും സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകനുമായ യുവാവ് രംഗത്ത്. സിപിഎം സ്ഥാനാര്‍ത്ഥിയായ അമ്മ പരാജയപ്പെട്ടതിന് പിന്നാലെയാണ് എസ്എൻഡിപി ശാഖാ യോഗത്തിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവാവ് സന്ദേശമിട്ടത്. പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭന ബാലന്‍റെ മകൻ അഭിജിത്ത് ബാലൻ ആണ് എസ്എൻഡിപി ശാഖാ യോഗത്തിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടത്.

തെരഞ്ഞെടുപ്പിൽ തോറ്റതോടെ എസ്എൻഡിപി എന്ന പേരിൽ ഇനി ആരും വീട്ടിൽ കയറരുതെന്നാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ അഭിജിത്തിന്‍റെ രോഷ പ്രകടനം. മരിച്ചാൽ കുഴിച്ചിടാൻ വരേണ്ടെന്നും വീട്ടിൽ കൊടി കെട്ടാൻ വരേണ്ടെന്നുമാണ് അഭിജിത്ത് ഗ്രൂപ്പിലിട്ട സന്ദേശം. വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമാണ് അഭിജിത്ത് ഇട്ടത്. എസ്എൻഡിപിയെന്ന സാധനം ഇനി തന്‍റെ വീട്ടിൽ വേണ്ടെന്നും ഈ വോയ്സ് ക്ലിപ്പ് പുറത്തുവിട്ടാലും കുഴപ്പമില്ലെന്നും അഭിജിത്ത് പറയുന്നുണ്ട്.

എസ്എൻഡിപിക്കാര്‍ വോട്ട് ചെയ്തിരുന്നെങ്കിൽ പുഷ്പം പോലെ ജയിച്ചേനെയെന്ന് സ്ഥാനാര്‍ത്ഥിയായ ശോഭനയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു. യുഡിഎഫ് ആണ് വാര്‍ഡിൽ ജയിച്ചത്. മൂന്നാം സ്ഥാനത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായ ശോഭന.പഞ്ചായത്തിൽ യുഡിഎഫ് ആണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ സമുദായ സമവാക്യങ്ങളടക്കം തെറ്റിച്ചുകൊണ്ടാണ് പലയിടത്തും യുഡിഎഫ് തരംഗമുണ്ടായത്. ഇതിനിടെയാണ് പ്രാദേശികതലത്തിൽ പലയിടത്തും അതൃപ്തി പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *