കോട്ടയം: പാലാ ചെറുപ്പം ആകുന്നു. നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സൺ. 21 കാരി ദിയാ ബിനു പുളിക്കകണ്ടം നഗരമാതാവ് ആയി ചുമതലയെറ്റു. നാടകീയതകൾക്കൊടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു പുളിക്കകണ്ടം എത്തുമ്പോൾ പിറക്കുന്നത് ചരിത്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്.

അച്ഛൻ ബിനു പുളിക്കകണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും വഴിതെളിച്ച രാഷ്ട്രീയ പാതയിലൂടെ ദിയ മുന്നോട്ട് പോകുമ്പോൾ കുടുംബത്തിന് ഇതൊരു മധുരപ്രതികാരം വീട്ടൽ കൂടിയാണ്. 2023ല്‍ ഒരു കാരണവും ഇല്ലാതെ ജോസ് കെ മാണി തട്ടിത്തെറിപ്പിച്ച തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു പുളിക്കകണ്ടം മകളിലൂടെ തിരിച്ചുപിടിച്ചത്. ഒരു കുടുംബത്തിലെ മൂന്നുപേർ സ്വതന്ത്രരായി തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ നേരിട്ട വിമർശനങ്ങൾക്കും പരിഹാസനങ്ങൾക്കും ഉള്ള മറുപടിയുമുണ്ട് നഗരസഭ അധ്യക്ഷ കസേരയ്ക്ക് പിന്നിൽ.

സ്വതന്ത്രയായി മത്സരിക്കണമെന്ന അച്ഛൻ ബിനു പുളിക്കകണ്ടത്തിൻ്റെ ഒരു മടിയും ഇല്ലാതെ സ്വീകരിച്ചാണ് ബി എ എക്കണോമിക്‌സ്‌ ബിരുദധാരിയായ ദിയ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ നീളം ദൃഢതയുള്ള ആശയങ്ങൾ മുന്നോട്ട് വെച്ചപ്പോൾ പാലാ നഗരസഭയിലെ പതിനഞ്ചാം വാർഡിലെ വോട്ടർമാർ നൽകിയത് 131 വോട്ടിന്റെ ഭൂരിപക്ഷം. ഒരു നാട് യുവത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന് ദീർഘവീക്ഷണം ഉള്ള വികസന കാഴ്‌ചപ്പാടുകൾ ആണ് ദിയയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *