വേതനമായി ലഭിക്കേണ്ട 26,000 രൂപ ആവശ്യപ്പെട്ടതിന്റെ പേരില്‍ വീട്ടുജോലി ചെയ്ത യുവതിക്ക് ക്രൂര മര്‍ദനം. ഹരിപ്പാട് താമല്ലാക്കലില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ 37 വയസ്സുള്ള കരുവാറ്റ സ്വദേശി രഞ്ജിമോള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബേക്കറിയിലു ജോലി ചെയ്യുന്ന രഞ്ജിമോളെ കടയില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കിയാണ് സൂരജും പിതാവ് ചെല്ലപ്പനും ചേര്‍ന്ന് മര്‍ദിച്ചത്. ഹെല്‍മറ്റുകൊണ്ടുള്ള തലയ്ക്കടിയടക്കം ഉള്‍പ്പെടെ രൂക്ഷമായ ആക്രമണമാണ് നടന്നതെന്നാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹരിപ്പാട് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.
താമല്ലാക്കലിലെ ഗുരുകൃപ വീട്ടില്‍ സൂരജിന്റെ സഹോദരിയുടെ വീട്ടില്‍ ഒന്നരവര്‍ഷം രഞ്ജിമോള്‍ വീട്ടുജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ ശമ്പളം നല്‍കിയില്ലെന്ന പരാതിയുമായി യുവതി നേരത്തെ പൊലീസില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് സൂരജും അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് രഞ്ജിമോളുടെ ആരോപണം.

ബേക്കറിയിലേക്ക് എത്തിയ പ്രതികള്‍ രഞ്ജിമോളെ ബലം പ്രയോഗിച്ച് കടയ്ക്ക് പുറത്തേക്കു കൊണ്ടുവന്നു. പിന്നീട് ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിക്കുകയും വലിച്ചിഴച്ച് തെരുവിലേക്കിറക്കുകയും ചെയ്തു. യുവതി കടയിലേക്ക് ഓടിയപ്പോള്‍ വീണ്ടും വലിച്ചിഴച്ച് തള്ളിയിടുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തതായി അവിടെ ഉണ്ടായിരുന്ന ദൃസാക്ഷികളും പറയുന്നു. ആക്രമണ ദൃശ്യങ്ങള്‍ തെളിവായും ഹരിപ്പാട് പൊലീസ് സ്വീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

There is no ads to display, Please add some