കൊല്ലം: പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്തുണ്ടായ കനത്ത തിരിച്ചടി സംസ്ഥാനനേതൃത്വത്തിൻ്റെ പിടിപ്പ് കേടാണെന്ന വിമർശനമാണ് അംഗങ്ങള് ഉന്നയിച്ചത്.
പിണറായിയുടെ ധാർഷ്ട്യം പാർട്ടിയെ തളർത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയില് വിമർശനം.
ഇത് ജനങ്ങളില് നിന്ന് അകറ്റി. പാർട്ടിക്ക് മുകളിലേക്ക് പിണറായി പോയി. പിണറായി വിജയനും മകള് വീണയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കി.
ഇഎംഎസും എകെജിയും മക്കള്ക്ക് വേണ്ടി പാർട്ടിയെ ഉപയോഗിച്ചിട്ടില്ല. ഏകപക്ഷീയ നിലപാടുകള് തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും കമ്മിറ്റിയില് അംഗങ്ങള് വിമർശിച്ചു.
സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനും വിമർശനമുനയിലായിരുന്നു. എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്ന് വിമർശനുണ്ടായി. സെക്രട്ടറിയുടെ തെറ്റായ നിലപാടുകള് തെരെഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും പ്രതിനിധികള് കുറ്റപ്പെടുത്തി.
ഒരു വനിതാ സ്ഥാനാർത്ഥിയെ ജില്ലയില് നിർത്തിയില്ല. എല്ലാം സംസ്ഥാനനേതൃത്വം പറയുന്നത് പോലെ ചെയ്യുന്നു. സംസ്ഥാനനേതൃത്വത്തിന് ജില്ലാ നേതൃത്വത്തിന് പേടിയാണ് . ഒരു പിരിവ് പാർട്ടിയായി സിപിഎം മാറിയെന്നും അംഗങ്ങള് പരിഹസിച്ചു.
എല്ലാത്തിനും പിരിവെന്ന രീതി മാറണമെന്നും അംഗങ്ങള് ആവശ്യപ്പെട്ടു. ഇന്നലെ തുടങ്ങിയ ജില്ലാ കമ്മിറ്റി ഇന്ന് സമാപിക്കും.
തെക്കൻ കേരളത്തിലെ പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് തെരഞ്ഞെടുപ്പില് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ജില്ലാകമ്മിറ്റിയില് പുതിയ അംഗങ്ങളെ ഉള്പ്പെടുന്നതുള്പ്പടെ ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് തോല്വിയുടെ പശ്ചാത്തലത്തില് തിരുത്തല് പ്രക്രീയയുടെ ഭാഗമായാണ് വിപുലീകൃതജില്ലാകമ്മിറ്റികള് ചേരുന്നത്.


