തിരുവനന്തപുരത്ത് റോഡ് കയ്യേറി സിപിഎം സമ്മേളനത്തിനായി സ്‌റ്റേജ് നിര്‍മ്മിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു സാധാരണക്കാരന്‍ ടീഷോപ്പ് ഇട്ടാല്‍ പൊളിച്ചു കളയില്ലേയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ആര്‍ക്കൊക്കെ എതിരെ കേസെടുത്തു ?. സ്‌റ്റേജില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. പൊലീസിന് റോഡില്‍ സ്‌റ്റേജ് കെട്ടുന്നത് തടയാമായിരുന്നു എന്ന് അഭിപ്രായപ്പെട്ട കോടതി, ഡിജിപി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വഞ്ചിയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. പൊലീസ് സ്റ്റേഷനു മുന്നില്‍ തന്നെ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ല. പൊലീസിന്റെ ചുമതലയെന്താണ്?. എന്തുകൊണ്ട് സ്റ്റേജ് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്നും എസ്എച്ച്ഒയോട് കോടതി ചോദിച്ചു. സമ്മേളനത്തിന്റെ കണ്‍വീനറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അനുസരിച്ചില്ലെന്നും, പിന്നീട് പ്രവര്‍ത്തകര്‍ വന്ന് നിറഞ്ഞതോടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനായിട്ടാണ് മറ്റു നടപടികളിലേക്ക് കടക്കാതിരുന്നതെന്നും എസ്എച്ച്ഒ വിശദീകരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി എന്തുകൊണ്ട് സ്റ്റേജ് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഗുരുതരമായ നിയമലംഘനമുണ്ടായിട്ടും നിലവിലെ എഫ്‌ഐആര്‍ പര്യാപ്തമല്ല. മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ മാത്രം കേസെടുത്തിട്ട് കാര്യമില്ല. സ്റ്റേജില്‍ ഇരുന്ന ആളുകളെല്ലാം നിയമലംഘനത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. അവര്‍ക്കെല്ലാം എതിരെ കേസെടുക്കണം. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് ആ റോഡിലൂടെ കടന്നുപോയത്. റോഡിലെ സീബ്രാ ലൈനിന് മുകളിലാണ് സ്‌റ്റേജ് ഇട്ടതെങ്കില്‍ എഫ്‌ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആര്‍ക്കൊക്കെയെതിരെ കേസെടുത്തു, ആരുടെയൊക്കെ വാഹനം പിടിച്ചെടുത്തു എന്നും കോടതി ചോദിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ സംഘടന കഴിഞ്ഞ ദിവസം നടത്തിയ സമരത്തെയും കോടതി വിമര്‍ശിച്ചു. കാര്‍പ്പറ്റ് അടക്കം റോഡില്‍ നിരത്തിയാണ് യോഗം നടത്തിയത്. അവിടെ ആര്‍ക്കെങ്കിലും വാഹനം തട്ടി പരിക്കേറ്റിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതിയെന്നും കോടതി ചോദിച്ചു. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട കാര്യമല്ല. ഈ കേസ് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈക്കോടതി സൂചിപ്പിച്ചു.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയത്. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ, വി കെ പ്രശാന്ത് എംഎൽഎ, മുൻമന്ത്രിമാരായ എ വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, മുൻ എംപി എ സമ്പത്ത് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സ്‌റ്റേജില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തി, അവര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാനും ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
There is no ads to display, Please add some