ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ സിപിഐയ്ക്ക് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. 25 ലക്ഷത്തിന് ഏറനാട് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന് അന്‍വര്‍. ഏറനാട്ട് താന്‍ മത്സരിച്ചത് സിപിഐഎം പിന്തുണ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ആയിരുന്നുവെന്നും എന്നാല്‍ അന്ന് സിപിഐ ആണ് അതിന് എതിര് നിന്നതെന്നും അന്‍വര്‍ പറഞ്ഞു. താന്‍ സ്വതന്ത്രനായി മത്സരിച്ചതല്ല, സിപിഐഎമ്മും സിപിഐയും നേരില്‍ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് സിപിഐ പിന്‍മാറി. ഇടതുപക്ഷ മുന്നണിയുടെ നിര്‍ദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. ജയിച്ചാല്‍ LDF പാര്‍ലമെന്ററി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുമെന്ന് 50 രൂപ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കണമെന്ന് പറഞ്ഞു. താന്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അന്‍വർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

25 ലക്ഷം രൂപയ്ക്ക് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ. ഇത്തവണയും സിപിഐ ഏറനാട് സീറ്റ് വിറ്റു. സ്ഥാനാര്‍ഥിയെ ആര്‍ക്കും അറിയില്ല. സിപിഐയെ വെല്ലുവിളിക്കുന്നു. ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് അന്‍വര്‍ ചോദിച്ചു. ‘ക്വാറി ഉടമകളില്‍ നിന്നും വലിയ ധനികരില്‍ നിന്നും സിപിഎ നേതാക്കള്‍ പണം വാങ്ങി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഐ നേതാക്കള്‍ കോടികള്‍ പിരിച്ചു. ഒരു രൂപ ഇലക്ഷന്‍ കമ്മറ്റിക്ക് കൊടുത്തില്ല. അവിടെ പോസ്റ്റര്‍ അടിക്കാനോ പശ വാങ്ങാനോ പോലും സ്ഥാനാര്‍ത്ഥിയായ ആനി രാജയ്ക്ക് പണമില്ലായിരുന്നു. മന്ത്രി കെ രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്.

പണം നല്‍കിയാല്‍ ഏത് ഭൂമിയും നികത്തി കൊടുക്കും. ഭൂമിതരം മാറ്റത്തിന്റെ മറവില്‍ സിപിഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എഡിജിപി വിഷയത്തില്‍ അവര്‍ക്ക് നിലപാടില്ല. പിണറായിയുടെ അനുജനാണ് ബിനോയ് വിശ്വം. ഭൂമി നികത്തലില്‍ കെ രാജന് പങ്കുണ്ടോ എന്നറിയില്ല. സിപിഐഎമ്മിനെ കുറ്റം പറഞ്ഞ് ജീവിക്കുന്ന ഇത്തിള്‍ കണ്ണികളാണ് സിപിഐ’, അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. അന്‍വറിനെ പോലുള്ള ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, അര്‍ഹത പരിഗണിക്കാതെ അവര്‍ക്ക് പ്രൊമോഷന്‍ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി.

ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവര്‍ എന്താണോ അതാണ് അവര്‍. അത് ലവലേശം മാറിയിട്ടില്ല. അപ്പോള്‍ അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ്. ആ പാഠം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *