നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി. തണ്ടൊടിഞ്ഞിട്ടും വാടാതെ മൂന്ന് പതിറ്റാണ്ടോളംകാലം ചെറുത്തു നില്‍പ്പിന്‍റെ പ്രതീകമായി നിന്ന ആ ചെമ്പനീർ പൂവിന് നാട് വിട ചൊല്ലി. കൂത്തുപറമ്പ് സമര സഖാവിന് റെഡ് സല്യൂട്ട്.

അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട് യാത്രാമൊഴിയേകി. തലശ്ശേരി ടൌൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൌതിക ശരീരം സംസ്കരിച്ചു. കൂത്ത് പറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് ഇന്നലെ മുതലെത്തിയത്.

തളരാത്ത മനോവീര്യത്തോടെ പാർട്ടിക്കൊപ്പം അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന് നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ അന്ത്യയാത്രയേകിയത്.

രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed