രാജ്യത്തെ വാണിജ്യ പാചകവാതക വിലയിൽ 51.50 രൂപ കുറവുവരുത്തി എണ്ണക്കമ്പനികൾ. എണ്ണ വിപണന കമ്പനികളുടെ പ്രതിമാസ പരിഷ്കരണത്തിലാണ് തീരുമാനം. വിലക്കുറവ് രാജ്യത്തുടനീളമുള്ള വാണിജ്യ ഉപഭോക്താക്കൾക്ക് ആശ്വാസമാകും. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിലാകും. ഡൽഹിയിൽ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില സെപ്റ്റംബർ ഒന്ന് മുതൽ 1580 രൂപയായിരിക്കും. ഓഗസ്റ്റ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 33.50 രൂപ കുറച്ചപ്പോൾ ജൂലായ് ഒന്നിന് 58.50 രൂപയാണ് കുറച്ചത്.

ജൂണിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകൾക്ക് 24 രൂപ കുറച്ചുകൊണ്ട് 1,723.50 രൂപയായി നിശ്ചയിച്ചിരുന്നു. ജൂണിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകൾക്ക് 24 രൂപ കുറച്ചുകൊണ്ട് 1,723.50 രൂപയും ഏപ്രിലിൽ വില 1,762 രൂപയുമായിരുന്നു. ഫെബ്രുവരിയിൽ 7 രൂപ കുറച്ചെങ്കിലും മാർച്ചിൽ 6 രൂപ വർദ്ധനയോടെ ഇത് ചെറുതായി മാറ്റി.

ഇന്ത്യയിലെ മൊത്തം എൽപിജിയുടെ 90 ശതമാനവും ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കി 10 ശതമാനമാണ് വാണിജ്യ, വ്യാവസായിക, ഓട്ടോമോട്ടീവ് മേഖലകളിൽ ഉപയോഗിക്കുന്നത്. വാണിജ്യ നിരക്കുകൾ കൂടിയാലും കുറഞ്ഞാലും ഗാർഹിക സിലിണ്ടറുകളുടെ വില പലപ്പോഴും സ്ഥിരമായി തുടരുകയാണ്.

