ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിൽ വമ്പൻ നേട്ടവുമായി ചൈന. ലോകത്തെ ആദ്യത്തെ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ചൈനയില്‍ ആരംഭിച്ചു. ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിലാണ് 10ജി ബ്രോഡ്ബാൻഡിന് തുടക്കമിട്ടത്. വാവേയും ചൈന യൂണികോമും സംയുക്തമായാണ് 10ജി ബ്രോഡ്ബാൻഡ് വികസിപ്പിച്ചത്. 9,834 Mbps വരെയാണ് 10ജിയിൽ ഡൗൺലോഡ് വേഗത. 1,008 Mbps അപ്‌ലോഡ് വേഗതയും ലഭിക്കും. 3 മില്ലിസെക്കൻഡ് വരെയായിരിക്കും ലേറ്റൻസി.

50G പാസീവ് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് (PON) 10G നെറ്റ്‌വർക്കിന് ശക്തിപകരുകയും ഫൈബർ-ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചറിൽ ഡാറ്റ ട്രാൻസ്മിഷൻ മെച്ചപ്പെടുത്തുകയും ചെ‌യ്യും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, 8K വീഡിയോ സ്ട്രീമിംഗ്, സ്മാർട്ട് ഹോം ഉപകരണങ്ങൾ സംയോജിപ്പിക്കൽ എന്നിവയാണ് 10ജി സാങ്കേതികവിദ്യയുടെ ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഉപയോഗങ്ങൾ.

മുഴുനീള 4K സിനിമ (ഏകദേശം 20 GB) ഡൗൺലോഡ് ചെയ്യാൻ സാധാരണയായി 1 Gbps കണക്ഷനിൽ ഏകദേശം 7-10 മിനിറ്റ് എടുക്കും. എന്നാൽ, 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ഉപയോഗിച്ച്, ഇതേ ഫയൽ 20 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാം. 10ജി വ്യാപകമായാൽ യുഎഇ, ഖത്തർ പോലുള്ള രാജ്യങ്ങളിലെവാണിജ്യ ബ്രോഡ്‌ബാൻഡ് വേഗതയെ മറികടന്ന് ചൈനയെ ആഗോള ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യയുടെ മുൻപന്തിയിലെത്തിക്കും. വേഗത്തിലും കൂടുതൽ വിശ്വസനീയവുമായ ഡാറ്റാ ട്രാൻസ്മിഷൻ പ്രാപ്തമാക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പുരോഗതി വേഗത്തിലാക്കാമെന്നാണ് പ്രതീക്ഷ.

പിന്നിൽ വാവേയും ചൈന യൂണികോമും

10ജി സാങ്കേതിക വിദ്യക്ക് പിന്നിൽ വാവേയും ചൈന യൂണികോമും. ഷെൻഷെനിലാണ് 1987-ൽ സ്ഥാപിതമായ വാവേയുടെ ആസ്ഥാനം. ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളിലും നെറ്റ്‌വർക്ക് സൊല്യൂഷനുകളിലും ആഗോളതലത്തിൽ മുന്നിലാണ് വാവേയ്. ഒപ്റ്റിക്കൽ ബ്രോഡ്‌ബാൻഡ്, 5G സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ കമ്പനി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയിലെ മൂന്ന് പ്രധാന സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നാണ് ചൈന യൂണികോം. രാജ്യവ്യാപകമായി ബ്രോഡ്‌ബാൻഡ്, മൊബൈൽ, എന്റർപ്രൈസ് സേവനങ്ങൾ നൽകുന്നത് ചൈന യൂണികോമാണ്.

Leave a Reply

Your email address will not be published. Required fields are marked *