നിർമ്മല സീതാരാമൻ്റെ ഏഴാം ബജറ്റ് അവതരണം തുടങ്ങി. മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിക്കുന്നത്.
ഇടക്കാല ബജറ്റിൽ സർക്കാർ മുന്നോട്ടുവെച്ച വികസിത് ഭാരത് സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഇടക്കാല ബജറ്റിൽ നിശ്ചയിച്ചിട്ടുള്ള തന്ത്രത്തിന് അനുസൃതമായി, എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒമ്പത് മുൻഗണനകളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി.
കൃഷി, തൊഴിൽ, നൈപുണ്യത്തിൽ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉൽപ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണ ഗവേഷണ-വികസനം,
അടുത്ത തലമുറ പരിഷ്കാരങ്ങൾ എന്നിവയാണ് ഒൻപത് മുൻഗണനകളായി ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചത്. തുടർന്നുള്ള ബജറ്റുകൾ ഇവയുടെ കൂടുതൽ മുൻഗണനകളും പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
