സമുദായത്തിലെ അംഗസംഖ്യ വർധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണമെന്നും 25 വയസിന് മുമ്പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വിശ്വാസികളുടെ എണ്ണം കുറയുന്നതിനുള്ള പരിഹാരമെന്നോണമാണ് പാംപ്ലാനിയുടെ ആഹ്വാനം. യുവാക്കൾ ജോലിക്കായി വിദേശത്തേക്ക് പോകുന്നത് സമുദായത്തെ തകർക്കുമെന്നും പാംപ്ലാനി പറഞ്ഞു.

‘മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണ് തൻ്റെ കല്യാണം നടക്കാതിരുന്നതിന് കാരണമെന്ന് ഒരു നാൽപതുകാരൻ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നതിൽ ഒരു കുറ്റവുമില്ല. അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല. അതുപോലെ നമ്മുടെ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30, 40 ലക്ഷം വായ്പയെടുത്ത് വിദേശത്തേക്ക് പോകാൻ യുവജനങ്ങളിൽ ഒരു വ്യഗ്രതയുണ്ട്. ഇത് സമുദായത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്, പാംപ്ലാനി പറഞ്ഞു.

സമുദായത്തിനുള്ളിൽ നിരവധി ആളുകൾ വിവാഹം കഴിക്കാതെ തുടരുന്നുണ്ട്. അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങൾ നാണംകുണികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നുമാണ് തന്റെ അഭിപ്രായം. ഇതിൽ മാറ്റം വരുത്തി യുവാക്കൾ 25 വയസിനുള്ളിൽ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.