പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ ബവ്കോ ഔട്ട്ലെറ്റില് നിന്നു ജീവനക്കാരൻ പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാന്‍ വേണ്ടി. 81.6 ലക്ഷം രൂപയാണ് പ്രതി അരവിന്ദ് തട്ടിയെടുത്തത്. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. അക്കൗണ്ടുകളില്‍ ബാക്കിയുളളത് 22.5 ലക്ഷം മാത്രമാണ്.
ചൂതാട്ടം വഴി പണം പോയത് യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്ക്. ഒളിവിൽ പോയ പ്രതി അരവിന്ദിനെ കാണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട കൂടലിൽ ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവർന്നതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയർന്നത്.
കഴിഞ്ഞ വർഷം ജൂൺ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബാങ്കിൽ അടയ്ക്കാൻ നൽകിയിരുന്ന തുകയിൽ നിന്ന് ഓരോ ഭാഗങ്ങളായി കവർന്ന് ഇയാൾ പണം റമ്മി കളിയ്ക്കാനായി വിനിയോഗിക്കുകയായിരുന്നു.
ചില്ലറ വിൽപ്പനശാല മാനേജരുടെ പരാതിയിലായിരുന്നു അരവിന്ദിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. തട്ടിപ്പ് പുറത്തായെന്ന് ബോധ്യമായതോടെ ദിവസങ്ങളായി ഇയാൾ ജോലിയ്ക്ക് എത്താതിരിക്കുകയായിരുന്നു.


