തിരുവനന്തപുരം: രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു.
തിരുവനന്തപുരം സെന്റ് അൽബേർട്സ് കോളേജിൽ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയതായിരുന്നു ആസിഫ് അലി. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
”സത്യം പറഞ്ഞാൽ എനിക്ക് ഈ വിഷയത്തിൽ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. എന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാൾക്ക് എതിരായ വിദ്വേഷ പ്രചരണമാകരുത്. അദ്ദേഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും അതുകൊണ്ടാണ് പ്രതികരിക്കുന്നത്. നിങ്ങളെല്ലാവരും ഇന്നലെ മുതൽ തന്ന പിന്തുണയ്ക്ക് നന്ദി. ഞാൻ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നു. സ്റ്റേജിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്ന സമയത്ത് പേര് തെറ്റിവിളിച്ചു. എല്ലാം മനുഷ്യർക്കും ഉണ്ടാകുന്ന ചെറിയ വിഷമം അദ്ദേഹത്തിന് തോന്നിയിരിക്കാം. ഞാൻ മൊമന്റോ കൊടുക്കാൻ സമയത്ത് അദ്ദേഹത്തിന്റെ കാലിന് വേദനയുണ്ടായിരുന്നു. അത് വീഡിയോയിലൂടെ വന്നപ്പോൾ മറ്റു തരത്തിലായി. എനിക്ക് ഈ സംഭവത്തിൽ യാതൊരു വിഷമമുണ്ടായിട്ടില്ല. എനിക്ക് നല്ല പനിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്നലെ വിവാദമായപ്പോൾ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മതപരമായ തരത്തിൽ വരെ ഇത് ചർച്ചയാകുന്ന അവസ്ഥയിലെത്തി. അങ്ങനെയൊന്നും ഇല്ല. ആ നിമിഷത്തിലുണ്ടായ തെറ്റിദ്ധാരണയാണിത്. അദ്ദേഹത്തോട് ഇന്ന് രാവിലെയാണ് സംസാരിച്ചത്. എന്നോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് മാപ്പ് പറയുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു. നിങ്ങളുടെ പിന്തുണയിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. പക്ഷേ അതിനൊപ്പം അദ്ദേഹത്തിനെതിരേ നടക്കുന്ന വിദ്വേഷണ പ്രചരണത്തിൽ എനിക്ക് വിഷമമുണ്ട്. അദ്ദേഹം ഒരു മനുഷ്യനെയും കുറച്ചുകാണുന്ന ആളല്ല. ഇതിനെ മറ്റൊരു ചർച്ചയിലേക്ക് കൊണ്ടുപോകരുത്. ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം”- ആസിഫ് അലി പറഞ്ഞു.
സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ രമേഷ് നാരായണൻ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തിൽ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
There is no ads to display, Please add some