കോഴിക്കോട്: ചർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. കുളത്തിൽ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് രോഗ ലക്ഷണം കണ്ടത്. കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ജൂൺ 12-ന് മരിച്ച കണ്ണൂർ സ്വദേശിയായ 13 കാരിക്കാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നത്. സ്കൂളിൽനിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാധാരണയായി പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലും ഈ രോഗത്തിന് കാരണമായ ‘നെഗ്ലെറിയ ഫൗലേറി’എന്ന അമീബ പൊതുവേ പുഴകളിലും കുളങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഇവയുടെ വംശവർധനയ്ക്ക് സാഹചര്യമൊരുങ്ങുമ്പോഴാണ് രോഗബാധയ്ക്ക് സാധ്യതയേറുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യം ഏറെ അനുയോജ്യമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി. ഷുബിൻ പറഞ്ഞു.

ഈ അമീബയടങ്ങിയ വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടാവാറില്ല. എന്നാൽ ഈ വെള്ളം മൂക്കിലായാൽ അതുവഴി അമീബ ശരീരത്തിലേക്ക് കയറും. തലച്ചോറിലെത്തി കോശങ്ങൾ നശിപ്പിക്കുകയും അതുമൂലം തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും ചെയ്യും. തുടക്കത്തിൽ പനി, തലവേദന, ഛർദ്ദി, കഴുത്തുവേദന എന്നീ ലക്ഷണങ്ങളുണ്ടാവും. പിന്നീട് ഓർമയില്ലായ്മ, അപസ്മാരം എന്നിവയുമുണ്ടാവും. പലപ്പോഴും വൈകിമാത്രമാണ് രോഗം സ്ഥിരീകരിക്കാനാവുക. അതുകൊണ്ടുതന്നെ രോഗംബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.

മലപ്പുറം ജില്ലയിൽ 2019, 2020 വർഷങ്ങളിലും രോഗബാധ കണ്ടെത്തിയിരുന്നു. 2019-ൽ മൂന്നുപേർ മരിച്ചു.

എന്താണ് അമീബിക് മസ്തിഷ്കജ്വരം ?

വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങൾ

രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.

പ്രതിരോധ നടപടികൾ

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം.രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക.

സ്കൂൾ അവധിയായതിനാൽ കുട്ടികൾ നീന്തൽ കുളത്തിൽ ഇറങ്ങുന്നതും വെള്ളത്തിൽ കളിക്കുന്നതും വ്യാപകമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed