ആലപ്പുഴ :ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ – എസ്‍ഡിപിഐ പ്രവർത്തകരായ 15 പേരാണ് പ്രതികള്‍.കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും കോടതി കണ്ടെത്തി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, മുന്‍ഷാദ്, സഫറുദീന്‍, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെർണാസ് അഷ്റഫ് എന്നിവരാണ് പ്രതികള്‍.

2021 ഡിസംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്‍ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലുള്ള വീട്ടില്‍ കയറി പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിടുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രൺജിത്തിനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പന്ത്രണ്ടംഗ സംഘം ആറ് ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. രണ്‍ജിത്തിനെ ആക്രമിക്കുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും അക്രമികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളെത്തി രണ്‍ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നാലെ ഡിസംബർ 22ന് ആലപ്പുഴ ഡിവൈഎസ്‌പി എന്‍ ആർ ജയരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 2022 മാർച്ച് 18ന് 15 പ്രതികളേയും അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. ഏപ്രില്‍ 26ന് ആലപ്പുഴ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ കേസ് പ്രതികളുടെ ആവശ്യത്തെ തുടർന്ന് മാവേലിക്കര സെഷന്‍സ് കോടതിയിലേക്ക് മാറ്റി.2023 ഫെബ്രുവരി 16 മുതല്‍ വിചാരണ ആരംഭിക്കാനും സാക്ഷിവിസ്താരം മാർച്ച് ഒന്നിന് തുടങ്ങാനും കോടതി ഉത്തരവിട്ടു.

എന്നാല്‍ മാർച്ച് ഒന്നിന് വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്നീട് ഏപ്രില്‍ 17നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്.മേയ് അഞ്ചിന് വീണ്ടും ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്തു. ജൂണ്‍ 24 മുതലാണ് സാക്ഷിവിസ്താരം പുനരാംരഭിച്ചത്. ഒക്ടോബർ 28നാണ് വിസ്താരം പൂർത്തിയായത്. 156 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബർ 15നായിരുന്നു വാദം പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *

You missed